മനാമ: സമൃദ്ധിയുടെയും നൻമയുടെയും കണികാഴ്ചകളുമായി ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ വിഷു ആഘോഷിച്ചു. ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തി കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം ബഹ്റൈനിലെ മലയാളികളും വിഷു ആഘോഷം കെങ്കേമമാക്കി. കണിക്കൊന്നയും പഴങ്ങളും പച്ചക്കറികളുമൊക്കെയായി പരമ്പരാഗത ശൈലിയിൽ സമൃദ്ധമായി തന്നെയാണ് മലയാളി വീടുകളിൽ കണിയൊരുക്കിയത്. അമ്പലങ്ങളിൽ വിഷു പ്രമാണിച്ച് പ്രത്യേക പൂജാ കർമങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളിലെല്ലാം നിരവധി ഭക്തർ പുലർച്ചെ മുതൽ സന്ദർശനത്തിനെത്തി.
അവധി ദിനത്തിൽ വിഷുവെത്തിയത് എല്ലാവർക്കും ഇരട്ടി മധുരമാണ് സമ്മാനിച്ചത്. അവധി ദിനമായതിനാൽ വീടുകളിൽ സദ്യവട്ടകൾ തയാറാക്കിയാണ് പലരും വിഷു ആഘോഷിച്ചത്. എന്നാൽ ഹോട്ടലുകളിലും സൂപ്പർമാർക്കറ്റുകളിലും തയ്യാറാക്കിയ വിഷു സദ്യ കഴിച്ചവരും കുറവല്ല. ഫ്ലാറ്റുകളിലും വില്ലകളിലും സദ്യ വട്ടമൊരുക്കി സുഹൃത്തുക്കളെ ക്ഷണിച്ചാണ് ചിലർ ആഘോഷിച്ചത്.