മനാമ: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്റൈൻ ദിനാർ രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കുവൈത്ത് ദിനാറാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ബഹ്റൈൻ ദിനാർ, ഒമാനി റിയാൽ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക വളർച്ച, രാഷ്ട്രീയ സ്ഥിരത, ആഗോള ഡിമാൻഡ്, പ്രകൃതി വിഭവങ്ങൾ എന്നിവയാണ് കറൻസിയുടെ ശക്തിയും മൂല്യവും അളക്കുന്നതിനുള്ള ഘടകങ്ങളെ നിർണ്ണയിക്കുന്നത്. യുഎസ് ഡോളറിന്റെ ആധിപത്യം ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി കുവൈറ്റ് ദിനാർ പ്രഖ്യാപിക്കപ്പെട്ടു. യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്.
ലോകത്തിലെ ഏറ്റവും മികച്ച 10 കറൻസികൾ
1. കുവൈറ്റ് ദിനാർ, 2. ബഹ്റൈനി ദിനാർ, 3. ഒമാനി റിയാൽ, 4. ജോർദാനിയൻ ദിനാർ, 5. ബ്രിട്ടീഷ് പൗണ്ട് , 6. ജിബ്രാൾട്ടർ പൗണ്ട്, 7. കേമാൻ ഐലൻഡ് ഡോളർ, 8. സ്വിസ് ഫ്രാങ്ക്, 9. യൂറോ, 10. യുഎസ് ഡോളർ
270.23 ഇന്ത്യൻ രൂപക്കും 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈത്ത് ദിനാർ. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാർ. 215.84 രൂപക്കും 2.60 ഡോളറിനും തുല്യമാണ് ഒരു ഒമാൻ റിയാൽ. നാലാമത് ജോർഡനിയൻ ദിനാർ (117.10 രൂപ, 1.41 ഡോളർ), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27 ഡോളർ), ജിബ്രാൾട്ടർ പൗണ്ട് (105.52 രൂപ, 1.27 ഡോളർ), കേമാൻ ഐലൻഡ് (99.76 രൂപ, 1.20ഡോളർ), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17 ഡോളർ ), യൂറോ (90.80 രൂപ, 1.09 ഡോളർ), യു.എസ് ഡോളർ ( 83.10 രൂപ) എന്നിങ്ങനെയാണ് ആദ്യ പത്തിലെ രാജ്യങ്ങളുടെ കറൻസി മൂല്യം.
ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന ആഗോള കറൻസി ആണെങ്കിലും യുഎസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്. യൂറോപ്യൻ യൂണിയനിലെ 19 അംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോസോണിന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. ഏറ്റവുമധികം വ്യാപാരം നടക്കുന്ന രണ്ടാമത്തെ കറൻസിയാണിത്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്.
സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്ക് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കുന്നു. ദേശീയ കറൻസിയുടെ ഒരു യൂണിറ്റ് ഉപയോഗിച്ച് വാങ്ങാവുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണം, പകരം ലഭിക്കുന്ന വിദേശ കറൻസി എന്നിവ വിലയിരുത്തിയാണ് കറൻസിയുടെ ശക്തി നിർണ്ണയിക്കുന്നത്.