മനാമ: ബഹ്റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ ബഹ്റൈൻ അധികൃതർ നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. നാഷണൽ പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ ചേർന്നാണ് പരിശോധനാ കാമ്പെയ്ൻ സംഘടിപ്പിച്ചത്.
നിയമവിരുദ്ധമായ തൊഴിൽ തടയുന്നതിനായി എൻപിആർഎ വരും ദിവസങ്ങളിൽ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് എക്സിറ്റ്സ്, സെർച്ച് ആൻഡ് ഫോളോ-അപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുൽ റഹ്മാൻ അൽ-ദോസരി പറഞ്ഞു.
എല്ലാ ഗവർണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുമെന്നും ക്രമവിരുദ്ധമായ തൊഴിലവസരങ്ങൾ സംബന്ധിച്ച പരാതികൾ അതോറിറ്റിയെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അറിയിച്ചു.