മോസ്കോ: ജൂലൈ 24 മുതൽ 26 വരെ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ബഹ്റൈൻ ഒന്നാം സ്ഥാനം നേടി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന സമാപന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ സുന്നി എൻഡോവ്മെൻ്റ് കൗൺസിൽ ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി സന്നിഹിതനായിരുന്നു.
ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച മുഹമ്മദ് സമീർ മുജാഹിദ് ആണ് പാരായണ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഈ നേട്ടത്തിൽ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെൻ്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദ അഭിമാനം പ്രകടിപ്പിച്ചു.