മനാമ: ബഹ്റൈനിലെ ചില അനധികൃത ഏജന്റുമാർ വിസ നടപടിക്കായി വൻ തുക വാങ്ങി തട്ടിക്കുന്നതായും പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതുമായുള്ള പരാതികൾ വർദ്ധിക്കുന്നു. നിയമപരമായി ഡോക്യുമെന്റ് ക്ലിയറൻസ് നടത്തുന്ന മലയാളികൾക്ക് കൂടി അപമാനമാകുകയാണ് ഈ തട്ടിപ്പുകാർ. അടുത്തിടെ നിരവധി സാമ്പത്തിക തട്ടിപ്പ് പരാതി ആരോപിക്കപ്പെട്ട ഹമീദ് എന്ന മലയാളി നിരവധി പേരിൽ നിന്നും പണം വാങ്ങി വിസ നൽകാതെയും യാത്രാനിരോധനം മാറ്റിക്കൊടുക്കാമെന്നും വാഗ്ദാനം നടത്തി പണം തട്ടിയ പരാതികളും സ്റ്റാർവിഷൻ ന്യൂസിന് ലഭിച്ചു.

വിസ ഇല്ലാത്തവരും, യാത്ര നിരോധനം ഉള്ളവരുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയിൽ പെടുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുണ്ട് എന്ന് പറഞ്ഞു പരാതിക്കാരെ ഭീക്ഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചില സാമൂഹിക പ്രവർത്തകരുടെയും, മാധ്യമ പ്രവർത്തകരുടെയും പിൻതുണയും ഇത്തരക്കാരായ തട്ടിപ്പുകാർക്ക് ഉള്ളതായി പരാതിക്കാർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. ഇത്തരക്കാരായ തട്ടിപ്പുകാരുടെ പരാതികൾ സ്റ്റാർവിഷൻ ന്യൂസ് വരും ദിവസങ്ങളിൽ ബഹ്റൈൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തും.
