മനാമ: മണ്ണിനെ സംരക്ഷിക്കുക എന്ന ദൗത്യവുമായി ആഗോള ദർശകനും പരിസ്ഥിതി പ്രവർത്തകനും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു നടത്തുന്ന ലോകപര്യടനം ബഹ്റൈനിൽ എത്തി. സദ്ഗുരു ആരംഭിച്ച സേവ് സോയിൽ മൂവ്മെന്റ് ലണ്ടനിൽ നിന്ന് ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് നടത്തുന്ന ‘മണ്ണ് സംരക്ഷണ യാത്ര’യുടെ ഭാഗമായാണ് ബഹ്റൈൻ സന്ദർശനം. മോട്ടോർ സൈക്കിളിൽ 26 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ പിന്നിടുന്നതാണ് മണ്ണ് സംരക്ഷണ പ്രസ്ഥാനത്തിന്റെ 100 ദിവസത്തെ സന്ദേശയാത്ര. മണ്ണിന്റെ നശീകരണം തടഞ്ഞ് ലോകത്തെ സംരക്ഷിക്കുക എന്ന ദൗത്യമാണ് സദ്ഗുരു ഏറ്റെടുത്തിരിക്കുന്നത്.

400 കോടി ജനങ്ങളിലേക്ക് മണ്ണ് സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കുകയാണ് മാർച്ച് 21ന് ലണ്ടനിൽനിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യമെന്ന് ഇന്ത്യൻ എംബസിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സദ്ഗുരു പറഞ്ഞു.

ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു. മണ്ണിൽ ചുരുങ്ങിയത് മൂന്നുമുതൽ ആറു ശതമാനം വരെ ജൈവ സാന്നിധ്യമാണ് ഭൂമിയുടെ നിലനിൽപിന് അനിവാര്യമായിട്ടുള്ളത്.


എന്നാൽ, ലോകത്തെ മിക്ക രാജ്യങ്ങളിലും ഒരു ശതമാനത്തിലും താഴെയാണ് മണ്ണിലെ ജൈവസാന്നിധ്യം. പടിഞ്ഞാറൻ യൂറോപ്പിൽ ഇത് 1.8 ശതമാനവും, തെക്കൻ യൂറോപ്പിൽ 1.1 ശതമാനവും, യുഎസിൽ 1.4 ശതമാനവും, ഇന്ത്യയിൽ 0.68 ശതമാനവും, ആഫ്രിക്കയിൽ 0.5 ശതമാനവും ആണ് മണ്ണിലെ ജൈവാംശം.


ഘട്ടംഘട്ടമായി വർഷങ്ങൾ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ മാത്രമേ ഇത് വർധിപ്പിക്കാൻ കഴിയൂ. ഇതിനായി സർക്കാറുകളെ പ്രേരിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.


ഐവറി കോസ്റ്റിൽ നടക്കുന്ന COP15 ഉച്ചകോടിയിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒത്തുചേരുന്നത് ലോകമെമ്പാടുമുള്ള കാർഷിക ഭൂമിയുടെ തകർച്ചയെ മറികടക്കാനുള്ള സർക്കാർ നയപരമായ ശ്രമങ്ങൾ ഇരട്ടിയാക്കാനുള്ള സുപ്രധാന അവസരമാണെന്ന് സദ്ഗുരു പറഞ്ഞു.


ലോകത്തെ കൃഷിയോഗ്യമായ ഭൂമിയിൽ 52 ശതമാനവും നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ജനങ്ങൾ ഉച്ചത്തിൽ ആവശ്യപ്പെട്ടാൽ മാത്രമേ സർക്കാറുകൾ മണ്ണു സംരക്ഷണത്തിനാവശ്യമായ നയങ്ങൾ രൂപപ്പെടുത്താൻ തയാറാവൂ.


അതിസങ്കീർണമായ സാങ്കേതിക വിദ്യകളോ അറിവുകളോ ഭീമമായ തുകയോ മണ്ണുസംരക്ഷണത്തിന് ആവശ്യമില്ല. ഈ ചുമതല നിറവേറ്റാനുള്ള ധൈര്യം മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അമ്പത് വർഷത്തിനുള്ളിൽ ലോകം മുഴുവൻ മരുഭൂമിയായി മാറുമെന്ന് സദ്ഗുരു മുന്നറിയിപ്പ് നൽകി.


സന്ദർശനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് മനാമയിലെ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 5000 പേരുടെ പങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.


ഈ കാമ്പെയ്നിന്റെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതിന്റെ സന്ദേശം എത്തിക്കാൻ സദ്ഗുരു പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ഒരു ദുരന്തത്തിന്റെ വക്കിൽ നിന്ന് കാര്യങ്ങളെ മാറ്റിമറിച്ച തലമുറയായി നമ്മുടെ തലമുറ മാറണമെന്ന് സദ്ഗുരു പറഞ്ഞു.


പത്രസമ്മേളനത്തിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, രാജ്യം സന്ദർശിച്ചതിന് സദ്ഗുരുവിന് നന്ദി പറഞ്ഞു, ഇത് ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് ഈ പ്രചാരണം.
