മനാമ: ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. നാല് രാജ്യങ്ങളെയാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്. മലാവി, മൊസാംബിക്, അംഗോള, സാംബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം. ഇവർക്ക് ക്വാറൻറീനും ഉണ്ടായിരിക്കും. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കുള്ള പ്രവേശനത്തിന് അർഹതയുള്ള യാത്രക്കാർക്ക് നിലവിലുള്ള യാത്രാ നടപടിക്രമങ്ങൾ ബാധകമാണ്. ബഹ്റൈനിലേക്കുള്ള എല്ലാ പ്രവേശന നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh-ൽ ലഭ്യമാണ്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വേ, ലെസോതോ, എസ്വാതിനി എന്നീ രാജ്യങ്ങളെ ബഹ്റൈൻ കഴിഞ്ഞ ദിവസം റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം പത്ത് ആയി.
