മനാമ: ബഹ്റൈനിലേക്കുള്ള യാത്രാ പ്രവേശന നടപടിക്രമങ്ങൾ പുതുക്കി സിവിൽ ഏവിയേഷൻ അഫയേഴ്സ്. ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്നവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10ാം ദിവസവുമാണ് പരിശോധന നടത്തേണ്ടിയിരുന്നത്. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരമാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ തുടരും. റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് ഇനി പട്ടിക പുതുക്കുന്നത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും, 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും നിലവിൽ ബഹ്റൈനിൽ റെസിഡൻസ് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺ അറൈവൽ വിസയ്ക്ക് അർഹരായ രാജ്യങ്ങളിൽ നിന്നും വരുന്നവർ, യാത്ര പുറപ്പെടുന്നതിന് മുമ്പ് www.evisa.gov.bh എന്ന വെബ്സൈറ്റിലൂടെ വിസ ഓൺ അറൈവൽ യോഗ്യത ഉറപ്പു വരുത്തണം.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന 6 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ യാത്രക്കാരും പാലിക്കേണ്ട നിർദേശങ്ങൾ:
- യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച QR കോഡോഡ് കൂടിയ അംഗീകൃത PCR സർട്ടിഫിക്കറ്റ് ഹാജരാക്കുക.
- വന്നിറങ്ങുമ്പോൾ ആദ്യ PCR ടെസ്റ്റ് നടത്തുക.
- സ്വന്തം പേരിലുള്ള രേഖയോട് കൂടിയ താമസസ്ഥലത്ത് അല്ലെങ്കിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ലൈസൻസുള്ള ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുക.
- വന്നതിന് ശേഷം അഞ്ചാം ദിവസം രണ്ടാമത് PCR ടെസ്റ്റ് നടത്തുക.
- പത്താം ദിവസം മൂന്നാമത് PCR ടെസ്റ്റ് നടത്തുക.
ജിസിസി രാജ്യങ്ങളിൽ നിന്നോ ബഹ്റൈൻ പരസ്പര പ്രതിരോധ കുത്തിവയ്പ്പ് കരാർ ഒപ്പിട്ട രാജ്യങ്ങളിൽ നിന്നോ വരുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർ പാലിക്കേണ്ട നടപടിക്രമങ്ങൾ:
- എത്തുമ്പോൾ ആദ്യ PCR ടെസ്റ്റ് നടത്തുക.
- വന്നതിന് ശേഷം അഞ്ചാം ദിവസം രണ്ടാമത് PCR ടെസ്റ്റ് നടത്തുക.
- വന്നതിന് ശേഷം പത്താം ദിവസം മൂന്നാമത് PCR ടെസ്റ്റ് നടത്തുക.
- ഈ വിഭാഗത്തിൽ പെടുന്നവർക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പ് ഒരു പിസിആർ ടെസ്റ്റ് ഹാജരാക്കുകയോ ക്വാറന്റൈൻ ചെയ്യുകയോ ആവശ്യമില്ല.
ഓൺ അറൈവൽ വിസ ലഭിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ള 6 വയസും അതിൽ കൂടുതലുമുള്ള എല്ലാ വാക്സിനേറ്റഡ് യാത്രക്കാരും പാലിക്കേണ്ട നടപടിക്രമങ്ങൾ:
- വിമാനം കയറുന്നതിന് മുമ്പ് QR കോഡോഡ് കൂടിയ അംഗീകൃത പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ.
- എത്തുമ്പോൾ ആദ്യ PCR ടെസ്റ്റ് നടത്തുക.
- വന്നതിന് ശേഷം അഞ്ചാം ദിവസം രണ്ടാമത് PCR ടെസ്റ്റ് നടത്തുക.
- വന്നതിന് ശേഷം പത്താം ദിവസം മൂന്നാമത് PCR ടെസ്റ്റ് നടത്തുക.
- ക്വാറന്റൈൻ ചെയ്യേണ്ടതില്ല.
റെഡ്ലിസ്റ്റ് ചെയ്യപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എല്ലാ യാത്രക്കാരും പാലിക്കേണ്ട നടപടിക്രമങ്ങൾ:
- വിമാനം കയറുന്നതിന് മുമ്പ് ഒരു QR കോഡിനൊപ്പം ഒരു അംഗീകൃത PCR സർട്ടിഫിക്കറ്റ് ഹാജരാക്കുക, പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ.
- എത്തുമ്പോൾ ആദ്യ PCR ടെസ്റ്റ് നടത്തുക.
- നിങ്ങളുടെ താമസസ്ഥലത്ത് അല്ലെങ്കിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ലൈസൻസുള്ള ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുക.
- വന്നതിന് ശേഷം അഞ്ചാം ദിവസം ഒരു PCR ടെസ്റ്റ് നടത്തുക.
- വന്നതിന് ശേഷം പത്താം ദിവസം ഒരു PCR ടെസ്റ്റ് നടത്തുക.
പിസിആർ പരിശോധനയ്ക്കുള്ള പേയ്മെന്റ് എത്തുമ്പോൾ അല്ലെങ്കിൽ ‘ബിവെയർ ബഹ്റൈൻ’ ആപ്ലിക്കേഷൻ വഴി നൽകാം.