മനാമ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ നേരിടുന്ന കാര്യത്തിൽ ആഗോള തലത്തിൽ ബഹ്റൈന് മികച്ച നേട്ടം. ഇതുസംബന്ധിച്ച ബാസൽ എ.എം.എൽ സൂചികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവും നേടി. തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ ഈ നേട്ടം കൈവരിക്കുന്നത്. കള്ളപ്പണം ഇടപാടുകളുടെ അപകടസാധ്യത അനുസരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വിലയിരുത്തുന്ന സ്വതന്ത്ര സൂചകമാണ് ബാസൽ എ.എം.എൽ. ഇതിൽ ബഹ്റൈൻ 4.5 പോയൻറാണ് നേടിയത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചെറുക്കുന്നതിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇസ്രായേലിനു ശേഷം ബഹ്റൈൻ രണ്ടാം സ്ഥാനത്താണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഡെപ്യൂട്ടി ഗവർണറും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കുന്ന സമിതിയുടെ അധ്യക്ഷൻ കൂടിയായ ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. ബാസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഗവേണൻസ് 2012 മുതൽ പ്രസിദ്ധീകരിച്ച ഫോറങ്ങളിൽ നിന്നും പൊതുവായി ലഭ്യമായ 17 ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിസ്ക് സ്കോറുകൾ നൽകുന്നത്.