
മനാമ: വിദേശികൾക്ക് താമസിക്കാൻ അറബ് മേഖലയിൽ ഏറ്റവും അനുയോജ്യമായ രാജ്യം ബഹ്റൈനാണെന്ന് എക്സ്പാറ്റ് ഇൻസൈഡർ 2023ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ബഹ്റൈൻ ആഗോളതലത്തിൽ 9-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഒന്നാം സ്ഥാനത്തുമാണ്. നിക്ഷേപസൗഹൃദ രാജ്യമാണ് ബഹ്റൈൻ എന്നും, രാജ്യത്തെ സാമൂഹ്യജീവിതം വളരെ ഉയർന്ന നിലവാരമാണ് വെച്ചു പുലർത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഹൃത്തുക്കളെ കണ്ടെത്തുന്നതിൽ ബഹ്റൈൻ ആഗോളതലത്തിൽ ആറാം സ്ഥാനം നേടി. 172 രാജ്യങ്ങളിൽ താമസിക്കുന്ന 12,065 പ്രവാസികളിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
