
മനാമ: ലെബനാനിലെ ബെയ്റൂത്തില്‍ ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചു.
ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഔനുമായി ഖുദൈബിയ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊട്ടാരത്തില്‍ ഔനിന് ഊഷ്മളമായ സ്വീകരണം നല്കി. സ്വീകരണ ചടങ്ങില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും 21 വെടികളോടെ അഭിവാദ്യം നല്‍കുകയും നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ ആശംസകള്‍ കൈമാറുകയും ചെയ്തുകൊണ്ടാണ് കൂടിക്കാഴ്ച ആരംഭിച്ചത്. തുടര്‍ന്ന് ഹമദ് രാജാവും ഔനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.
