മനാമ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന ഉച്ച സമയത്തെ തൊഴിൽ വിലക്ക് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാക്കുക.ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ പുറം ജോലികൾ പാടില്ല. സൂര്യാഘാതം, നിർജലീകരണം, വിവിധ വേനൽക്കാല രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലെ തൊഴിൽ അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയാണ് നിയമം നടപ്പാക്കുക. നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്പനി അധികാരികളോട് മന്ത്രി നിർദേശിച്ചു. പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാവർഷവും ഉച്ചവിശ്രമനിയമം നടപ്പാക്കാറുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം ഒരുക്കി മനുഷ്യാവകാശ തത്ത്വങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം ഏർപ്പെടുത്തിയത്. കമ്പനികൾക്ക് നിരോധന സമയത്ത് ജോലി സമയം പുനഃക്രമീകരിക്കാൻ കഴിയുന്നതിനാൽ നിലവിലുള്ള പ്രോജക്ടുകളുടെ ജോലികളെ ഇത് ബാധിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 98 ശതമാനവും നിരോധനം പാലിക്കുന്നുണ്ട്.