മനാമ: ഫെബ്രുവരി 15 മുതൽ ബഹ്റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ അലേർട്ട് ലെവലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രതിദിന ശരാശരി കേസുകളുടെ എണ്ണം അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. തീവ്രപരിചരണത്തിലെ പോസിറ്റീവ് കേസുകളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അലേർട്ട് ലെവൽ പ്രഖ്യാപിക്കുന്നത്. 14 ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകൾ ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറും.
തീവ്രപരിചരണ വിഭാഗത്തിൽ പോസിറ്റീവ് കേസുകളുടെ ശരാശരി കുറവുണ്ടായിട്ടും മുൻകരുതൽ നടപടിയായി ബഹ്റൈൻ യെല്ലോ അലേർട്ട് ലെവലിലേക്ക് നേരത്തെ മാറിയിരുന്നുവെന്ന് ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനം ബഹ്റൈനിലെ കേസുകളിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും തീവ്രപരിചരണത്തിലുള്ള രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന്റെ ദേശീയ വാക്സിനേഷൻ കാമ്പെയ്നിന്റെ വിജയമാണെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു.

ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള വാക്സിനേഷൻ കാമ്പെയ്ൻ വിജയിച്ചതും ആശുപത്രിയിൽ പ്രവേശനം വർധിപ്പിക്കാത്തതുമാണ് യെല്ലോ അലർട്ടിൽ നിന്ന് മാറാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബറിൽ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ ടാസ്ക്ഫോഴ്സ് ബഹ്റൈനിലെ കോവിഡ്-19 അലേർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം പ്രകാരമാണ് നടപ്പിലാക്കുന്നത്.
ഗ്രീൻ അലേർട്ട് ലെവലിൽ സിനിമാശാലകൾ, കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഇവന്റുകൾ, കോൺഫറൻസ് ഹാളുകൾ, കായിക ഇനങ്ങളിലെ പൊതു സാന്നിധ്യം എന്നിവയുൾപ്പെടെ എല്ലാ ഇൻഡോർ സൗകര്യങ്ങളും 100% ശേഷിയിലേക്ക് മാറും. കൂടാതെ, വ്യക്തികൾ ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ഹാജരാക്കേണ്ടതില്ല. എന്നിരുന്നാലും നിർബന്ധമായും മാസ്ക് ധരിക്കുന്നത് പോലുള്ള ഗ്രീൻ അലേർട്ട് ലെവലിന് കീഴിലുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh ൽ എല്ലാ നടപടിക്രമങ്ങളും ലഭ്യമാണ്.
