മനാമ: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ പരിശോധന കര്‍ശനമാക്കി ബഹ്റൈന്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ റേഡിയോ ആക്ടീവ് പദാര്ഥങ്ങളില്ലെന്ന് ഉറപ്പു വരുത്തുമെന്നും ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനയാണ് കര്‍ശനമാക്കുന്നത്. ബഹ്റൈന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ ജലീല അല്‍ സയ്യിദാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് അറിയിച്ചത്. ശൂര കൗണ്‍സില്‍ യോഗത്തില്‍ ഒരു ചോദ്യത്തിന് മറുപടി പറയുന്നതിടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റും ഉള്ളടക്കം, ചേരുവകൾ, തയാറാക്കൽ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇല്ലാത്തവ നിരോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം. പരിശോധനയിൽ സുരക്ഷിതമെന്ന് കണ്ടെത്തിയാലും അവയുടെ ദീർഘകാല ഉപയോഗം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമോ എന്ന് നിർണയിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. ലാബ് പരിശോധനകളിൽ പരാജയപ്പെടുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നയാളുടെ ചെലവിൽ നശിപ്പിക്കപ്പെടുകയോ മടക്കിയയക്കുകയോ ചെയ്യും. സ്വീകാര്യമായ അളവിൽ റേഡിയേഷനുള്ള ഭക്ഷ്യപദാർഥങ്ങൾ അനുവദനീയമാണെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിദത്തമായ റേഡിയോ ന്യുക്ലൈഡുകള് അടങ്ങിയ ഭക്ഷ്യവസ്ത്തുക്കളാണ് ഇത്തരത്തില്‍ അനുവദിക്കുന്നത്. ഇവ ദോഷകരമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നത്. കൂടാതെ ഭക്ഷ്യവസ്തുക്കളില്‍ ബാക്ടീരിയ, പൂപ്പല്‍, മറ്റുകീടങ്ങള് എന്നിവയെ നശിപ്പിക്കാന്‍ നടത്തുന്ന റേഡിയേഷന് ഭക്ഷ്യവസ്തുക്കളെ റേഡിയോ ആക്ടീവ് ആക്കുന്നില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.