മനാമ: മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ റീഫ് തിയേറ്ററിന്റെ റബാബ് മഹ്ദി എഴുതി അലി മര്‍ഹൂണ്‍ സംവിധാനം ചെയ്ത നാടകമാണിത്. അഭിനേതാക്കളായ അഖീല്‍ അല്‍ മജീദ്, അലി മര്‍ഹൂണ്‍, മരിജ റാക്കിച്ച് എന്നിവരുടെ മികച്ച പ്രകടനങ്ങളും മികച്ച ആവിഷ്കാര നിലവാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്. കലാപരമായ ഹസ്സന് ഷംസിന്റെ സ്കോര്‍, അബ്ദുള്‍റഹ്മാന്‍ അല്‍ റുവൈയുടെ സെറ്റ് ഡിസൈന്‍, അബ്ദുല്ല അല്‍ ബക്രിയുടെ പ്രകാശ ക്രമീകരണം, അമീറ സുലൈലിന്റെ വസ്ത്രാലങ്കാരം എന്നിവയും ശ്രദ്ധേയമായി.
ബഹ്റൈനിലെ നാടകരംഗത്ത് നല്കിയ സംഭാവനകള്‍ പരിഗണിച്ച് അല്‍ റീഫ് തിയറ്റര്‍ ഡെപ്യൂട്ടി ചെയര്മാന് അലി ബാദറിനെ ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന് ആദരിച്ചു.
