
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം 2025 ഒക്ടോബർ 10 നു സീതാറാം യെച്ചൂരി നഗറിൽ നടന്നു.
ബഹ്റൈൻ പ്രവാസികൾക്ക് പാസ്സ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും, എയർ ഇന്ത്യ വിമാന സർവീസുകളുടെ കുറവ് പരിഹരിക്കണമെന്നും , നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നൽകണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം അഭ്യർത്ഥിച്ചു.

രാജ്യസഭ എം പി ഡോ: ജോൺ ബ്രിട്ടാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താമസം നാടിന് പുറത്താണെങ്കിലും പ്രവാസികളുടെ മനസ് ജീവിക്കുന്നത് എക്കാലവും സ്വന്തം നാട്ടിലാണെന്നും, ആ നാടിന് വേണ്ടി വലിയ സംഭാവനകൾ എക്കാലവും നൽകിയവരാണ് മലയാളികളായ പ്രവാസി സമൂഹം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതു സർക്കാർ ആ പ്രവാസികൾക്കു വേണ്ടി കൂടെയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ചരിത്രസത്യങ്ങളെ വളച്ചൊടിച്ച് വർഗീയത വളർത്തി ഭരണം പിടിച്ചിരിക്കുന്ന ബിജെപി സർക്കാർ, ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തിൽ നിയമങ്ങൾ നടപ്പിലാക്കുകയും, രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. രാജ്യത്തിൻറെ അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കാൻ മുഴുവൻ മനുഷ്യരും ഒന്നിച്ചു നിൽക്കേണ്ട കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വരലയ ഗായകരുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളന നടപടികൾക്ക് സജീവൻ മാക്കണ്ടി താൽക്കാലിക അധ്യക്ഷത വഹിച്ചു, സ്വാഗത സംഘം കൺവീനർ ഗിരീഷ് കല്ലേരി സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി. ശ്രീജിത്ത്, എൻ വി ലിവിൻ കുമാർ, ഷംജിത് കോട്ടപ്പള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
2025 – 2027 പ്രവർത്തന കാലയളവിലേക്ക് അനിൽ സി. കെ സെക്രട്ടറി ആയും സജീവൻ മാക്കണ്ടി പ്രസിഡന്റും ആയുള്ള പത്തൊൻപതംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപെട്ട പുതിയ മേഖല കമ്മിറ്റി ഭാരവാഹികൾ: അനിൽ സി കെ (സെക്രട്ടറി) സന്തു പടന്നപ്പുറം (ജോ:സെക്രട്ടറി), സജീവൻ മാക്കണ്ടി (പ്രസിഡണ്ട്) ,ഷീല ശശി (വൈസ് പ്രസിഡണ്ട്) ഷിജു ഇ കെ (ട്രഷറർ) ഗിരീഷ് കല്ലേരി (മെമ്പർഷിപ്പ് സെക്രട്ടറി) അനിത മണികണ്ഠൻ (അ: മെമ്പർഷിപ്പ് സെക്രട്ടറി). എക്സികുട്ടീവ് അംഗങ്ങൾ: ബിനു കരുണാകരൻ ,എൻ കെ അശോകൻ, സതീശൻ പി, ബിജു കെ പി, ബബീഷ്, സജേഷ്, താരിഖ്, കണ്ണൻ മുഹറഖ്, സുനിൽകുമാർ ആയഞ്ചേരി, സുലേഷ് , സുമേഷ്, അജീഷ്.
