മനാമ: ഭക്ഷ്യസാധനങ്ങൾ വില വർധനയില്ലാതെ മാർക്കറ്റിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ പ്രാദേശിക വിപണികളിലെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബഹ്റൈൻ അറിയിച്ചു. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ എല്ലാ അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുടെയും വില നിരീക്ഷിക്കുന്നു. റമദാനിലാവശ്യമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
പുണ്യമാസത്തിലെ വർദ്ധിച്ച ആവശ്യത്തെത്തുടർന്ന് അവയുടെ വില വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരികൾ അധിക പഴങ്ങളും പച്ചക്കറികളും സ്റ്റോക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ രാജ്യം നിരവധി ആനുകാലിക പരിശോധന കാമ്പെയ്നുകൾ നടത്തിവരുന്നു. മിച്ചം വരുന്ന പഴങ്ങളും പച്ചക്കറികളും സ്റ്റോക്ക് ചെയ്യുന്ന പല വ്യാപാരികൾക്കെതിരെയും നടപടി സ്വീകരിച്ചു.
