മനാമ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കുടിയേറ്റങ്ങൾ വിപുലീകരിക്കാനും അഞ്ച് കുടിയേറ്റ താവളങ്ങൾ നിയമവിധേയമാക്കാനുമുള്ള ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിന്റെ തീരുമാനത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ തീരുമാനമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ൽ നിർണയിച്ച അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് മേഖലയിൽ സമഗ്രമായ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.