മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുനർനിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശ കർമ്മവും 63മത് പെരുന്നാളും ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി നിർവഹിച്ചു. സൽമാനിയയുടെ ഹൃദയഭാഗത്ത് 1969 ബഹറിൻ അമീറായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും 2000ത്തിൽ ബഹറിൻ രാജാവായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയും ദാനമായി നൽകിയ സ്ഥലത്തോടൊപ്പം 2011ൽ ഈ സ്ഥലത്തോട് ചേർന്നുള്ള സ്ഥലം വാങ്ങിയുമാണ് ഈ ദൈവാലയം നിർമ്മിച്ചിരിക്കുന്നത്.
വിശുദ്ധ ദേവാലയ കൂദാശക്കും പെരുന്നാൾ ശുശ്രൂഷകൾക്കും ശേഷം അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ റവ. ഫാ. ബിജു ഫിലിപ്പോസ് വികാരിയുടെ സന്ദേശം നൽകി, സെക്രട്ടറി ജോർജ് വർഗീസ് സ്വാഗതം ആശംസിക്കുകയും, ട്രസ്റ്റി സി കെ തോമസ്, സിബിഇഇസി അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ സോമൻ ബേബി, സിബിഇഇസി വൈസ് പ്രസിഡന്റ് അഡ്വ.വി കെ തോമസ്, സിബിഇഇസി ജനറൽ കൺവീനർ എബ്രഹാം സാമുവൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം അലക്സ് ബേബി എന്നിവർ ആശംസകൾ അറിയിച്ചു. സിബിഇഇസി സെക്രട്ടറി ബെന്നി വർക്കി യോഗത്തിന് നന്ദി അറിയിച്ചു.
ഇടവകയുടെ ചരിത്രസംഭവങ്ങൾ വിവരണങ്ങൾ ഉൾപ്പെടുത്തി ഡോകുമെന്ററി അവതരിപ്പിക്കുകയും ചെയ്തു. ഇടവകയുടെ വാർത്താപത്രികയായ മരിയൻ പ്രത്യേക പതിപ്പ് പ്രകാശനവും, കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവിനീയറിന്റെ നാമ പ്രഖ്യാപനവും, ഇടവകയുടെ ചരിത്ര നാഴികകല്ലുകൾ ഉൾപ്പെടുത്തിയുള്ള ബുക്ക് മാർക്ക് പ്രകാശനവും നടത്തപ്പെട്ടു.