മനാമ: സെപ്റ്റംബർ മൂന്ന് വെള്ളിയാഴ്ച മുതൽ ഏറ്റവും താഴ്ന്ന ജാഗ്രത ലെവലായ ഗ്രീൻ അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് ബഹ്റൈൻ മാറുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. 40ന് മുകളിൽ പ്രായമുള്ള, ബൂസ്റ്റർ ഡോസിന് അർഹരായവരിൽ 75 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് നൽകിയതായി ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ മൂന്ന് മുതൽ ഗ്രീൻ അലർട്ട് ലെവലിലേക്ക് മാറാൻ തീരുമാനമായത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ കാണിച്ച ജാഗ്രതയ്ക്കും പ്രതിബദ്ധതയ്ക്കും ടാസ്ക് ഫോഴ്സ് അഭിനന്ദനം അറിയിച്ചു.
40 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് നൽകുക എന്ന ലക്ഷ്യം റെക്കോഡ് വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ബൂസ്റ്റർ ഡോസുകൾ കോവിഡ് -19 നെതിരായ വ്യക്തികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായും ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നുമുള്ള സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതായും ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്യണമെന്ന് ടാസ്ക് ഫോഴ്സ് അഭ്യർഥിച്ചു.
ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:
- ഷോപ്പുകൾ
- ഷോപ്പിങ് മാളുകൾ
- വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
- ഔട്ട്ഡോർ ഈവൻറുകളും കോൺഫറൻസുകളും
- സർക്കാർ ഓഫീസുകൾ
- സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ
- വിനോദ കേന്ദ്രങ്ങൾ
- ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
- താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം
- റസ്റ്റോറൻറുകൾ, കഫേകൾ
- ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
- സിനിമ
- ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും
- ഇൻഡോർ സ്പോർട്സ്