
മനാമ: ബഹ്റൈനിൽ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘാംഗമായ ഏഷ്യക്കാരന് ഹൈ ക്രിമിനൽ കോടതി 3 വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ചു.
ഇയാൾ സർക്കാർ ഉദ്യോഗസ്ഥനായി നടിച്ച് ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കിത്തരാമെന്നും തൻ്റെ പക്കൽനിന്ന് മുമ്പ് മോഷ്ടിക്കപ്പെട്ട പണം തിരിച്ചു പിടിക്കാമെന്നും പറഞ്ഞ് സമീപിച്ച് പണം തട്ടിയെടുത്തതായി ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. തട്ടിപ്പുകാരൻ പരാതിക്കാരനോട് ഒരു ഒ.ടി.പി. കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. അത് കൈമാറിയ ഉടൻ പരാതിക്കാരൻ്റെ അക്കൗണ്ടിൽനിന്ന് 11,000 ദിനാർ നഷ്ടപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടരന്വേഷണത്തിൽ ഇയാൾ ഒരു അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ അംഗമാണെന്നും കണ്ടെത്തി.
