
മനാമ: 2024ന്റെ ആരംഭം മുതല്‍ 2025 മദ്ധ്യം വരെ ബഹ്റൈനില്‍ സെന്‍ട്രല്‍ ബാങ്ക് 16 പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കി. 52 ലൈസന്‍സ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ക്കായുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയിലുള്ള ബഹ്റൈന്റെ ആകര്‍ഷണം അടയാളപ്പെടുത്തുന്നതാണ് പുതിയ ധനകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവ്. ഈ കാലയളവില്‍ മൊത്തം ലഭിച്ച 68 അപേക്ഷകളില്‍ 75% അന്താരാഷ്ട്ര സ്ഥാപനങ്ങളുടേതാണ്.

അനുമതി നല്കപ്പെട്ട സ്ഥാപനങ്ങള്‍ തുടക്കത്തില്‍ 850ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ വികസിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ ലൈസന്‍സുകളില്‍ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉള്‍പ്പെടുന്നു. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡുമായി സഹകരിച്ച് സെന്‍ട്രല്‍ ബാങ്ക് സംഘടിപ്പിച്ച ‘ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹൊറൈസണ്‍സ്’ ഫോറത്തിലാണ് പുതിയ ലൈസന്‍സുകളുടെ പ്രഖ്യാപനമുണ്ടായത്. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ദേശീയ പ്രതിഭകളെ വികസിപ്പിക്കല്‍ എന്നിവയിലെ പുരോഗതിയെക്കുറിച്ച് ഫോറത്തില്‍ ചര്‍ച്ച നടന്നു.
