
മനാമ: ഇറാൻ ആക്രമണത്തോടെ അടച്ചിട്ടിരുന്ന ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. 39 ദിവസത്തിന് ശേഷമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലിക അടച്ച വ്യോമാതിർത്തി തുറക്കുന്നത്. വിവിധ ഏജൻസികളുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെ വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഈ തീരുമാനം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാന ഗതാഗതം സുഗമമായി പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യോമപാത തുറന്നതോടെ നിലവിൽ മുടങ്ങിക്കിടക്കുന്ന പല വിമാന സർവീസുകളും സാധാരണ നിലയിലേക്ക് എത്തുകയും, യാത്ര മുടങ്ങി കിടക്കുന്ന മലയാളികൾക്ക് ഉൾപ്പടെ നാട്ടിലേക്കു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.



