മനാമ: 2022-ന്റെ രണ്ടാം പാദത്തിൽ ബഹ്റൈനിലേക്കുള്ള സന്ദർശകരുടെ എണ്ണം ആദ്യ പാദത്തെ അപേക്ഷിച്ച് 38% വർധിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പുള്ള കാലഘട്ടവുമായി പ്രത്യേകിച്ചും, 2019 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ടൂറിസം വീണ്ടെടുക്കൽ നിരക്ക് 82% ൽ എത്തിയതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനിലെ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ 29,73,000 വിനോദസഞ്ചാരരാത്രികൾ രേഖപ്പെടുത്തി. 2021 ലെ രണ്ടാം പാദത്തിലെ 5,69,000 ടൂറിസത്തെ അപേക്ഷിച്ച് 422% വർദ്ധനവ് ഉണ്ടായതായി മന്ത്രാലയം അറിയിച്ചു.
ഇതേ കാലയളവിലെ മൊത്തം ടൂറിസം വരുമാനം 330.4 മില്ല്യൺ ബഹ്റൈൻ ദിനാർ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 562% വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാന കണക്കുകൾ 49.9 ദശലക്ഷം ബഹ്റൈൻ ദിനാർ ആയിരുന്നു.
ബഹ്റൈൻ ടൂറിസം മേഖലയെ പ്രാദേശികമായും അന്തർദേശീയമായും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമാണ് ഈ വളർച്ചയെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ ഈ മേഖലയുടെ സുപ്രധാന പങ്ക് പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. 2022-2026 ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
കോവിഡിന് ശേഷമുള്ള മേഖലയുടെ പൂർണമായ വീണ്ടെടുക്കലിലേക്ക് രാജ്യം ശരിയായ പാതയിലാണ് നീങ്ങുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. വിനോദസഞ്ചാരത്തിന്റെയും ലോകമെമ്പാടുമുള്ള യാത്രയുടെയും നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായി എടുത്തുകളഞ്ഞതിനൊപ്പം, സ്വകാര്യ ടൂറിസം മേഖലയുമായി സഹകരിച്ച് അതോറിറ്റി സംഘടിപ്പിക്കുന്ന നിലവിലുള്ളതും ഭാവിയിലെതുമായ പരിപാടികൾക്കൊപ്പം ഹോട്ടൽ രാത്രികളുടെ എണ്ണവും താമസ നിരക്കും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്താൻ ടൂറിസം മേഖലയെ സഹായിച്ചു.