മനാമ: ബഹ്റൈൻ റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുനഃസ്ഥാപിച്ചു. ആഗോള ആശങ്കയ്ക്ക് കാരണമായ പുതിയ കോവിഡ് വകഭേദം ചില രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് നടപടി. കൊവിഡ്-19നെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ ടാസ്ക്ഫോഴ്സിന്റെ ശുപാർശയെ തുടർന്നാണ് ബഹ്റൈൻ റെഡ് ലിസ്റ്റ് വീണ്ടും സജീവമാക്കുകയും ആറ് രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വേ, ലെസോതോ, എസ്വാതിനി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആറ് രാജ്യങ്ങൾ. ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം. ഇവർക്ക് ക്വാറൻറീനും പുനഃസ്ഥാപിച്ചിട്ടുണ്ട്. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.
