മനാമ: ഫോർമുല വൺ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 18 ന് ആരംഭിക്കുന്ന മത്സരങ്ങൾ മാർച്ച് 20വരെയാണ് നടക്കുന്നത്. മുതിർന്ന പൗരന്മാർക്കും മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും , വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോർമുല വൺ മത്സരം വിജയകരമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് ഗതാഗത സംവിധാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ലഫ്. കേണൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ കാറോട്ട മത്സരം വിജയിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്.
ഇന്റർനാഷനൽ സർക്യൂട്ടിലേക്കും തിരിച്ചും സുരക്ഷിതമായ യാത്ര ഉറപ്പാക്കും. മത്സരം നടക്കുന്ന മൂന്നു ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ട്രാഫിക് സുരക്ഷ ഉറപ്പാക്കും. വിവിധ ഭാഗങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തുന്നതോടൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇന്റർനാഷനൽ സർക്യൂട്ടിലുണ്ടാകുന്ന അപകടങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഓഫിസ് അവിടെ തുറന്നിട്ടുണ്ട്. മികച്ചരീതിയിൽ മത്സരം നടക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നൽകിയ നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ നിരവധി സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം, ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ.