മനാമ: അന്തപ്പുരകഥകളുടെയും വരേണ്യവർഗ്ഗ കേളികളുടെയും ചുറ്റുവട്ടത്തിൽനിന്നും മലയാള സാഹിത്യത്തെ, തോട്ടിയുടെയും ചെരുപ്പുകുത്തിയുടെയും പോക്കറ്റടിക്കാരന്റെയും മുക്കുവൻറെയുമൊക്കെ ഇടയിലേക്ക് കൈപിടിച്ച് നടത്തിയത് വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കര പിള്ളയും ഉൾക്കൊള്ളുന്ന തലമുറയാണെന്ന്, പുരോഗമന കല സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്താവിച്ചു. ബഹറിൻ പ്രതിഭ സംഘടിപ്പിച്ച “സമകാലീന മലയാള സാഹിത്യം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസ മേഖലയിൽ പ്രതിഭ നിർവഹിക്കുന്ന നിസ്തൂലമായ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രഭാഷണമദ്ധ്യേ അദ്ദേഹം സൂചിപ്പിച്ചു.
പ്രതിഭ ഹാളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ, ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ അധ്യക്ഷതയും നിർവ്വഹിച്ചു. പരിപാടിക്ക് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ആശംസയർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കു മറുപടി നൽകുന്ന സെഷനും ഉണ്ടായിരുന്നു.

ഡിസംബർ 10ന് കെസിഎ ഹാളിൽ ഒരുക്കിയ പി ബിജു നഗറിൽ നടന്ന പ്രതിഭയുടെ 28-മത് കേന്ദ്ര സമ്മേളനം ഉദ്ഘാടനംചെയ്യാനായി ബഹറിനിൽ എത്തിയതായിരുന്നു അശോകൻ ചെരുവിൽ. ഏകാധിപത്യവും വംശീയ മേധാവിത്വവും മൂലധന അധീശത്വവും ലോകത്തിൻറെ പലയിടത്തും മനുഷ്യനെ വീണ്ടും കീഴ് പ്പെ ടുത്താൻ തുടങ്ങിയിരിക്കുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
