
മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.
കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്നേഹിയും കൂടെയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളായ കർഷകത്തൊഴിലാളി പെൻഷൻ ,സമ്പൂർണ്ണ സാക്ഷരതാ യജ്ഞം , രാജ്യത്തെ തന്നെ ആദ്യത്തെ ഐടി പാർക്ക് , ജനകീയാസൂത്രണം, മാവേലി സ്റ്റോറുകൾ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ നിരൻ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.

ലോകം വിവിധ തരത്തിലുള്ള സാമ്പത്തികവും സൈനികവുമായ യുദ്ധഭീഷണികളിലൂടെ കടന്നു പോവുകയാണെന്നും. ഏതൊരു യുദ്ധവും ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് സമാധാനപൂർണ്ണമായ ഒരു ജീവിതം പ്രാപ്യമാകൂ എന്നും . അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുടെ പേരിൽ ആരംഭിച്ച വ്യാപാര യുദ്ധത്തിന് താൽക്കാലികമായ ഒരു വിരാമം ഉണ്ടായത് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്ക് ആശ്വാസമേകുന്ന ഒന്നാണെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ എൻ വി ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാത്രം സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങൾ ചിലവഴിച്ചത് 2.46 ട്രില്യൺ ഡോളർ ആണെന്നും ഈ തുക സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിൽ പലതിന്റെയും ജിഡിപിയേക്കാൾ ഉയർന്ന തുകയാണ് എന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുഴുവൻ ജനസാമാന്യത്തെയും ഒരു പോലെ ചേർത്ത് നിർത്താൻ ഉള്ള നയപരിപാടികളും സമീപനവും കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും , ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തിൽ എടുത്തു പറഞ്ഞു. കേരള സർക്കാർ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന , ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ഇ കെ നായനാരെ പോലുള്ള ജനകീയ നേതാക്കളുടെ ഓർമ്മകൾ അത്തരം പ്രവർത്തനങ്ങൾക്ക് കരുത്താകേണ്ടതുണ്ടെന്നും ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
