മനാമ: നീണ്ട പതിനെട്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഡി സലീം നാട്ടിലേക്ക് തിരിച്ചിരിക്കുന്നു. തകഴിയുടെ ചെമ്മീൻ നോവലിന് പാത്രമായ ആലപുഴയിലെ തൃക്കുന്ന പുഴക്കാരനാണ് ഡി സലീം. പതിനെട്ട് വർഷവും കൺസോളിഡേറ്റഡ് ഷിപ്പിംഗ് സർവീസസ് എന്ന ഷിപ്പിംഗ് ഫോർവേഡിംഗ് കമ്പനിയിൽ ആണ് അദ്ദേഹം ജോലി ചെയ്തത്. സൂപ്പർവൈസർ ആയാണ് ഈ ജോലിയിൽ നിന്നും ഇദ്ദേഹം പിരിയുന്നത്. ബഹ്റൈനിലെ സാംസ്കാരിക കലാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളീയ സമാജത്തിന്റെ കോർ കമ്മിറ്റി അംഗമായും, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗമായും സലീം പ്രവർത്തിച്ചു.
കേരളീയ സമാജത്തിലെ ആദ്യ സാഹിത്യ ക്യാമ്പിന്റെ കൺവീനർ സലീം ആയിരുന്നു. ആ ക്യാമ്പ് പ്രവാസി എഴുത്തുകാർക്ക് സാഹിത്യത്തിലെ ചിരപ്രതിഷ്ഠി നേടിയ മറ്റു മലയാള സാഹിത്യകാരൻമാരുമായി ഇടപഴകാനും തങ്ങളുടെ എഴുത്തിനെ പുതിയ വഴികളിലേക്ക് തിരിച്ചു വിടാനും. ഏറെ സഹായിച്ചു. സമാജം പുസ്തകോത്സവ കൺവീനറായി പ്രവർത്തിച്ച ഡി സലീം അതിനെ വൻ വിജയമാക്കി കൊണ്ട് തന്റെ സംഘാടക മികവ് തെളിയിച്ചു. സമാജത്തിന്റെ സാഹിത്യ ജേണൽ “ജാലകത്തി “ന്റെ ആദ്യ കൺവീനറും സലീം ആയിരുന്നു. അതേ പോലെ ബഹ്റിൻ പ്രതിഭ വർഷാവർഷം നടത്തിവരുന്ന പാലറ്റ് എന്ന ചിത്രകലാ സംബന്ധിയായ ക്യാമ്പിന്റെ ആദ്യത്തെ കൺവീനറും ഡി. സലീം ആയിരുന്നു.
പ്രതിഭ ഉമുൽ ഹസം യൂനിറ്റിലെ തന്റെ സഹപ്രവർത്തകരിൽ ഒരാളായ അകാലത്തിൽ അന്തരിച്ച സുധീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിച്ച് കൊണ്ട് ആ കുടുംബത്തെ കണ്ണീരൊപ്പാൻ മുൻ പന്തിയിൽ നിന്ന ആൾ കൂടിയാണ് ഈ മനുഷ്യ സ്നേഹി. വായനയും എഴുത്തും പാർട്ടി സാഹിത്യവും. ചരിത്രവും ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ നിരവധിയായ ലേഖനങ്ങൾ പത്രമാസികകളിൽ അച്ചടിച്ച് വന്നിട്ടുണ്ട്. പുതിയ പ്രാസംഗികർക്കും എഴുത്തുകാർക്കും തന്റെ അറിവ് പകുത്ത് നൽകി കൊണ്ട് പൊതു സമൂഹത്തിന്റെ ശ്രദ്ധ അവരിലേക്ക് ആകർഷിക്കാൻ ചെറുതല്ലാത്ത സഹായമാണ് സലീം നൽകിയത്. ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഗൃഹപാഠം ചെയ്ത് വിജയിപ്പിക്കുന്ന സലീമിന്റെ മിടുക്കിനെ സഹപ്രവർത്തകർ ഒന്നടങ്കം തല കുലുക്കി സമ്മതിച്ചിരുന്നു.
നാട്ടിൽ നിന്നും 2013 ൽ ഈ പവിഴ ദ്വീപിൽ എത്തപ്പെടും മുമ്പ് ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇടത് പക്ഷ ബഹുജന സംഘടനകൾ സി.പി.ഐ.എം. തൃക്കുന്ന പുഴ ലോക്കൽ കമ്മിറ്റി താൽക്കാലിക സെക്രട്ടറി എന്നീ നിലകളിൽ ആർജിച്ച സംഘടന പരിചയം മുഴുവൻ ഈ പ്രവാസ ലോകത്തിലും ചാലിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നീണ്ട പതിനെട്ട് വർഷത്തെ പ്രവാസ ജീവിതത്തിൽ സംഘടനകൾക്കും ആശയത്തിനും ഉപരിയായി വലിയ സുഹൃത് വലയം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞാണ് അദ്ദേഹം തൃക്കുന്ന പുഴയിലേക്ക് പോകുന്നത്. ആറും കടലും ഒരുമിക്കുന്ന തന്റെ പ്രദേശത്തിന്റെ മനോഹാരിതയിൽ അലിഞ്ഞ് ചേരാനും ഒപ്പം നടക്കാനും തീരുമാനിച്ചു കൊണ്ടാണ് ഈ മടക്കം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച യാത്രയയപ്പ് ജോലിയിടത്തിൽ നിന്നും അദ്ദേഹം അംഗമായ കലാ സാംസ്ക്കാരിക സംഘടനകളിൽ നിന്നും സ്വീകരിച്ചു കൊണ്ടാണ് വളരെ സംതൃപ്തനായുള്ള അദ്ദേഹത്തിന്റെ മടക്കം. അമ്മ, ഭാര്യ, എഞ്ചിനിയറായി ജോലി ചെയ്യുന്ന മകൾ തീർത്ഥ എന്നിവരടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.