
മനാമ: ബഹ്റൈന്‍ പോസ്റ്റ് ഇലക്ട്രോണിക് ലോക്കര്‍ സേവനം ആരംഭിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.
തപാല്‍ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്കുന്നതിനുമുള്ള നൂതനമായ സൗകര്യങ്ങള്‍ നല്‍കാനാണ് ഇതെന്ന് മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ധെയ്ന്‍ അറിയിച്ചു.
പാര്‍സല്‍ ശേഖരണത്തിന് കൂടുതല്‍ പ്രായോഗികവും എളുപ്പമുള്ളതുമായ സംവിധാനങ്ങള്‍ ഈ സേവനം വഴി ലഭിക്കും.
നിശ്ചിത സമയക്രമമോ പോസ്റ്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതിന്റെയോ ആവശ്യമില്ലാതെ പാഴ്സലുകള്‍ സ്വീകരിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനം ഇലക്ട്രോണിക് ലോക്കറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. കോഡും ലോക്കര്‍ ലൊക്കേഷനും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിക്കും. കൂടാതെ കോഡ് ഉപയോഗിച്ച് മറ്റൊരാളെ പാര്‍സല്‍ ശേഖരിക്കാന്‍ അധികാരപ്പെടുത്താനുള്ള സൗകര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പ്രധാന ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ലോക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക ജോലി സമയത്തിന് ശേഷവും സൗകര്യപ്രദമായ സമയത്ത് പാഴ്സലുകള്‍ ശേഖരിക്കാന്‍ സഹായിക്കും.
സീഫ് മാള്‍ (സീഫ് ഡിസ്ട്രിക്റ്റ്), സീഫ് മാള്‍ (മുഹറഖ്), സീഫ് മാള്‍ (ഇസ ടൗണ്‍), മറാസി ഗാലേറിയ, ദി അവന്യൂസ്, സൂഖ് അല്‍ ബരാഹ, ഡ്രാഗണ്‍ സിറ്റി, സാര്‍ മാള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ലോക്കറുകള്‍ ലഭ്യമാണ്. വരും കാലയളവില്‍ ഇതിന്റെ കൂടുതല്‍ വിപുലീകരണത്തിന് പദ്ധതിയുണ്ട്.
