
മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റൽ വിഭാഗം, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ചിത്രം ഉൾക്കൊള്ളുന്ന നാലു സ്റ്റാമ്പുകൾ പുറത്തിറക്കി. നാഷണൽ ആക്ഷൻ ചാർട്ടർ സ്മാരകമാണ് ഇത്തവണത്തെ പ്രമേയമായി ബഹ്റൈൻ പോസ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ഓരോ പുതിയ സ്റ്റാമ്പുകളിലും ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളിൽ സ്മാരകം കാണാം.
ചാർട്ടറിനുവേണ്ടിയുള്ള റഫറണ്ടത്തിൽ പങ്കെടുത്ത 2,20,000 പൗരൻമാരുടെ പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 500 ഫിൽസിന്റെ നാലു സ്റ്റാമ്പുകളുടെ ആദ്യ ദിന പതിപ്പ് രണ്ടര ദീനാറിന് പോസ്റ്റൽ മ്യൂസിയത്തിൽനിന്നും ബഹ്റൈൻ പോസ്റ്റിന്റെ എല്ലാ ശാഖകളിൽനിന്നും വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 17523403 എന്ന നമ്പറിലോ അല്ലെങ്കിൽ stamp@mtt.gov.bh എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.
