
മനാമ: മുഹറഖിലെ ദില്‍മുനിയ ദ്വീപില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ പുതിയ ശാഖ വിദ്യാഭ്യാസ മന്ത്രിയും പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്‍ രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കാനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് നസീജ് കമ്പനിയുമായി സഹകരിച്ച് ഈ കാമ്പസ് നിര്‍മ്മിച്ചത്. കനാല്‍ വ്യൂ പദ്ധതിയില്‍ സ്ഥിതിചെയ്യുന്ന ഇത് 955.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു, ഏകദേശം 500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നു. കൂടാതെ ആധുനിക ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, വാട്ടര്‍ കനാലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്റ്റാഫ് ഓഫീസുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
