മനാമ: 29-ാമത് വാർഷിക മിഡിൽ ഈസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് കോൺഫറൻസ് ബഹ്റൈൻ ബേയിൽ നടന്നു. ബഹ്റൈൻ ഓയിൽ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.
സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ്, ഇറാഖി എണ്ണ മന്ത്രി ഇഹ്സാൻ അബ്ദുൽ ജബ്ബാർ ഇസ്മായിൽ, 25 രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക, അന്തർദേശീയ എണ്ണക്കമ്പനികളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര എണ്ണ-വാതക കമ്പനികളുടെ സി.ഇ.ഒമാർ, തലവൻമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, അന്താരാഷ്ട്ര എണ്ണവ്യാപാരികൾ, ഊർജവിദഗ്ധർ, വിശകലന വിദഗ്ധർ, ഊർജമേഖലയിലെ പ്രമുഖ സംഘടനകൾ എന്നിവരുൾപ്പെടെ ആഗോളപരിപാടിയിൽ പങ്കെടുത്തവരോട് മന്ത്രി നന്ദി അറിയിച്ചു. സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകമാണ് ഊർജമേഖലയെന്ന് എണ്ണമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
ശുദ്ധീകരണ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പദ്ധതികളിലൊന്നായ ബാപ്കോ മോഡേണൈസേഷൻ പ്രോഗ്രാം (ബിഎംപി) ഉൾപ്പെടെ ബഹ്റൈനിലെ പ്രധാന പദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുക, എണ്ണ ശുദ്ധീകരണശേഷി വർധിപ്പിക്കുക എന്നിവ വഴി റിഫൈനറിയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതവും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. നവീകരണപദ്ധതി 80 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. 2023ൽ ഇത് പദ്ധതി പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ്ഥിതിക പദ്ധതികളിൽ സംയുക്ത ആഗോള പ്രവർത്തനത്തിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് ബഹ്റൈൻ ഈ ദൗത്യത്തിൽ പങ്കുചേർന്നു. ഇതുമായി ബന്ധപ്പെട്ട്, ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി പോലെയുള്ള വിവിധ കമ്പനികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ചും പങ്കാളിത്തത്തോടെയും ബഹ്റൈൻ നിരവധി പരിസ്ഥിതി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംരംഭങ്ങൾക്ക് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്, ഉപപ്രധാനമന്ത്രിയും ജലവിഭവ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ജലവിഭവ കൗൺസിലിന്റെ കുടക്കീഴിലാണ് ഇത് നടപ്പാക്കുന്നത്. അതേ സാഹചര്യത്തിൽ, ബഹ്റൈനിലെ ജലവിഭവങ്ങളുടെ സംയോജിത മാനേജ്മെന്റിനായുള്ള സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിൽ ജലവിഭവ കൗൺസിലിനെ പിന്തുണയ്ക്കുന്ന ഒരു എക്സിക്യൂട്ടീവ് സ്ഥാപനമായി എണ്ണ മന്ത്രാലയത്തിൽ ഒരു ജലവിഭവ മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഗോളതലത്തിൽ, ഉക്രേനിയൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണവിലയിലുണ്ടായ വർധനയ്ക്കും യൂറോപ്യൻ ചെലുത്തുന്ന സമ്മർദ്ദത്തിനും പുറമെ ലോകം നേരിടുന്ന അഭൂതപൂർവമായ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളും വെല്ലുവിളികളും കാരണം എണ്ണ വിപണി അസ്ഥിരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികൾക്ക് ആഗോള എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വാർഷിക മിഡിൽ ഈസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് കോൺഫറൻസിന് ബഹ്റൈൻ ആറാം തവണയാണ് ആതിഥേയത്വം വഹിക്കുന്നത്.