
മനാമ: ബഹ്റൈൻ ദേശീയ റോബോട്ടിക്സ് മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന് സമാപനമായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (എസ്സിവൈഎസ്) ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. ബ്രിറ്റസ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയമാണ് ദ്വിദിന മത്സരം സംഘടിപ്പിച്ചത്.
അൽ-അരീൻ പാലസ് ആൻഡ് സ്പായിൽ വെച്ച് നടന്ന മത്സരത്തിൽ പൊതു-സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 74 ടീമുകളിലായി 222 വിദ്യാർത്ഥികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം 154 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും നൂതനവുമായ കഴിവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട് എന്നത് പതിനൊന്നാം വർഷവും ഈ മത്സരത്തിന്റെ തുടർച്ച സ്ഥിരീകരിക്കുന്നുവെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

റോബോട്ടിക്സ് രംഗത്ത് സജീവമായി പങ്കെടുക്കാനും ക്രിയാത്മകമായ ആശയങ്ങൾ അവതരിപ്പിക്കാനും ഈ മത്സരം വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. റോബോമിഷൻ, റോബോപോർട്ട്, ഫ്യൂച്ചർ ഇന്നൊവേറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് വിദ്യാർത്ഥികൾ മത്സരിച്ചത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ക്രിയാത്മക സഹകരണം പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം.
