
മനാമ: 51ാമത് ബഹ്റൈൻ ദേശീയദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ ഭീഷണിയിൽനിന്നും മോചിതമായ സാഹചര്യത്തിൽ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ ആഘോഷങ്ങളിൽ പങ്കുചേർന്നത്.സഖീർ പാലസിൽ നടന്ന ദേശീയദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ജനജീവിതം പൂർവ സ്ഥിതി കൈവരിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതെന്ന് ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികളെ ഹമദ് രാജാവ് പ്രശംസിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതി എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കി. സാമ്പത്തിക, ധനകാര്യ പ്രോത്സാഹന നടപടികൾ കൂടുതൽ ഊർജിതമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബഹ്റൈനി കുടുംബങ്ങളുടെ ഭവന ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതിലും ഹമദ് രാജാവ് സംതൃപ്തി രേഖപ്പെടുത്തി. ബഹ്റൈനികൾ ശാസ്ത്രരംഗത്ത് അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചതായും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യം മുഖ്യപരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകാശത്തെ നിറപ്പകിട്ടണിയിച്ചു കൊണ്ടാണ് ബഹ്റൈൻ ദേശീയ ദിനത്തെ വരവേറ്റത്. വിവിധ ഗവർണറേറ്റുകളുടെ കീഴിൽ ബഹ്റൈൻ ദേശീയ പാരമ്പര്യം പ്രകടിപ്പിക്കുന്ന പരിപാടികൾ പുരോഗമിക്കുകയാണ്. രാജ്യം മുഴുവൻ ചുവപ്പും വെള്ളയും ലൈറ്റുകളിൽ പ്രകാശ പൂരിതമാണ് . ഡ്രോൺ പ്രദർശനവും ഫയർ വർക്കുകളും ആകാശത്തെ നിറപ്പകിട്ടണിയിച്ചു. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, ഡിസംബർ 16 അവന്യൂ, കിംഗ് ഫഹദ് കോസ്വേ, സാർ അവന്യൂ 13, കിംഗ് ഫൈസൽ ഹൈവേ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രയോഗം നടന്നു. ബഹ്റൈൻ ബേയിൽ ഗംഭീര ഡ്രോൺ പ്രദർശനം നടന്നു. രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലെയും പ്രധാന കെട്ടിടങ്ങളെല്ലാം ചുവപ്പും വെള്ളയും ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു. വാഹനങ്ങളിൽ ദേശീയ പതാകയുമേന്തിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞും കുട്ടികളും മുതിർന്നവരും ആഘോഷങ്ങളിൽ പങ്കുചേർന്നു.

അലങ്കാരങ്ങളെല്ലാം തന്നെ ആകർഷകമായിരുന്നു. പ്രത്യേകിച്ച് റിഫയിലെ ക്ലോക്ക് റൗണ്ട് എബൗട്ട്, സല്ലാക്കിലെയും ഇസ ടൗൺ സ്ട്രീറ്റിലെയും അലങ്കരിച്ച മരങ്ങൾ, ഡിസംബർ 16 തെരുവിലെ പ്രകാശപൂരിതമായ ഇടനാഴികൾ, ലൈറ്റ് തൂണുകൾ, ബഹ്റൈൻ ബേ സ്ട്രീറ്റ് തുടങ്ങിയവയെല്ലാം പ്രധാന ആകർഷകങ്ങളാണ്. ക്രൗൺ പ്രിൻസ് സ്ട്രീറ്റിൽ നിന്ന് അൽ റിഫ സ്ട്രീറ്റിലേക്കുള്ള 3 കിലോമീറ്ററിലധികം ദൂരം രാത്രി മുഴുവൻ ലൈറ്റ് തൂണുകളും പ്രകാശിത ബഹ്റൈൻ പതാകകളും കൊണ്ട് പ്രകാശിച്ചു. 120 മീറ്ററിലധികം നീളമുള്ള ഒരു ത്രികോണത്തിന്റെ രൂപത്തിൽ 5 മീറ്റർ വീതിയുള്ള പ്രകാശമുള്ള കാൽനട ഇടനാഴിയായിരുന്നു ആകർഷകങ്ങളിൽ ഒന്ന്. വാഹന ഗതാഗതത്തിനായി 10 മീറ്റർ വീതിയും 150 മീറ്റർ നീളവുമുള്ള ഇടനാഴിയും ഒരുക്കിയിരുന്നു. ബഹ്റൈൻ പതാകയിലെ അഞ്ച് ത്രികോണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അലങ്കാരങ്ങളെന്ന് സതേൺ അധികൃതർ വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ അതോറിറ്റികൾ, ക്ലബുകൾ, ഗവർണറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ, വ്യാപാരസ്ഥാപനങ്ങൾ, പ്രവാസി സംഘടനകൾ എന്നിവ ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങളിൽ വിവിധ തരത്തിലുള്ള പരിപാടികളുമായി രംഗത്തുണ്ട്. ഡിസംബർ 16 ദേശീയ ദിനവും 17 രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ വാർഷികവുമായാണ് ആഘോഷിക്കുന്നത്. 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയത്തിന്റെ വാർഷികവും രാജാവിന്റെ സ്ഥാനാരോഹണ വാർഷികവും കൂടിയാണ് ആഘോഷിക്കുന്നത്.
