മനാമ: സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് നാലു മണി വരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ഈ സമയങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനങ്ങൾ ഫ്രീ ഹോട്ട്ലൈൻ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സ് അറിയിച്ചു. എൻ.ഐ.എച്ച്.ആർ പരാതികൾ സ്വീകരിക്കുകയും ലംഘനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കേസുകൾ റഫർ ചെയ്യുകയും ചെയ്യും. നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും നിയമലംഘനമെന്ന് കണ്ടെത്തുന്ന കേസുകൾ നടപടിക്കായി റഫർ ചെയ്യുമെന്നും എൻ.ഐ.എച്ച്.ആർ അറിയിച്ചു.
സൂര്യാഘാതം നേരിട്ടേൽക്കുന്ന തൊഴിൽ ചെയ്യുന്നവർക്കാണ് നിയമം ബാധകം. ഗാർഹിക തൊഴിലാളികൾക്ക് ഈ നിയമം ബാധകമല്ല. ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി തൊഴിൽ മന്ത്രാലയവും നിയമിച്ചിട്ടുണ്ട്. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാർ വരെ പിഴ ചുമത്തും. കഴിഞ്ഞ വർഷം 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും മൊത്തം 19,841 പരിശോധനകൾ നടത്തുകയും ചെയ്തു. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം അറിയിച്ചു. 2013ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പാക്കിയത്.