
മനാമ: ബാക്ക്-ടു-സ്കൂൾ സീസണിനോടനുബന്ധിച്ച് ബഹ്റൈനിൽ ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വ്യവസായ- വാണിജ്യ മന്ത്രാലയം നിരവധി സംരംഭങ്ങൾ ആരംഭിച്ചു.
സ്റ്റേഷനറി, യൂണിഫോം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട സാധനങ്ങൾക്ക് കിഴിവുകൾ നൽകാൻ ചില്ലറ വ്യാപാരികളെ ക്ഷണിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ‘ഉപഭോക്തൃ സുഹൃത്ത്’ പദ്ധതിക്ക് തുടക്കമിട്ടു. ഈ പരിപാടി 2025 നവംബർ വരെ നീണ്ടുനിൽക്കും.
കുടുംബങ്ങൾക്ക് വൈവിധ്യമാർന്ന ഇനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഉൽപ്പന്ന ഗുണനിലവാരം, ന്യായവില, ലഭ്യത എന്നിവ നിരീക്ഷിക്കാൻ ഒരു വിശാലമായ പരിശോധനാ പദ്ധതിയും മന്ത്രാലയം പ്രഖ്യാപിച്ചു.
ബാക്ക്-ടു-സ്കൂൾ സീസൺ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് മന്ത്രാലയം പറഞ്ഞു.
