മനാമ: അതിവേഗ ചരക്കുനീക്കം സാധ്യമാകുന്ന മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബായ ബഹ്റൈൻ ഗ്ലോബൽ സീ-എയർ ഹബ് പ്രവർത്തനമാരംഭിച്ചു. കടൽ-വായു മാർഗങ്ങളിലൂടെയുള്ള കണക്ടിവിറ്റി ഇവിടെ ലഭ്യമാകും. എല്ലാ കണ്ടെയ്നറുകളും രണ്ടു മണിക്കൂർ കൊണ്ട് കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് ഇവിടെ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. നിലവിലുള്ളതിെൻറ പകുതി സമയത്തിലും 40 ശതമാനത്തോളം കുറഞ്ഞ തുകയിലും ഉൽപന്നങ്ങൾ ഉപഭോക്താവിന് ലഭിക്കാനും ഇതുവഴി സാധിക്കും.
യൂറോപ്യൻ, ഏഷ്യൻ വിപണികൾക്കിടയിലെ തന്ത്രപ്രധാന കേന്ദ്രം, മേഖലയിലെ മറ്റ് വിപണികളിലേക്ക് എളുപ്പത്തിൽ എത്താവുന്ന സാഹചര്യം എന്നിങ്ങനെയുള്ള ബഹ്റൈന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഹബ്ബിന്റെ ലക്ഷ്യമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. മികച്ച ക്ലിയറൻസ് നടപടിക്രമങ്ങൾ, പൂർണമായും ഡിജിറ്റൽവത്കരിച്ച സംവിധാനങ്ങൾ എന്നിവ ഇവിടത്തെ സവിശേഷതയാണ്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്കും തിരിച്ചും രണ്ട് മണിക്കൂറിനുള്ളിൽ ചരക്കുകൾ എത്തിക്കാൻ ഇതുവഴി സാധിക്കും. കടൽ വഴി മാത്രമുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച് നടപടി ക്രമങ്ങളിൽ 50 ശതമാനം സമയലാഭമാണ് ഇത് സൃഷ്ടിക്കുന്നത്. വിമാന മാർഗം മാത്രമുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച് ചെലവിൽ 40 ശതമാനം കുറവുമുണ്ടാകും.
ഉൽപാദകർക്കും ചരക്ക് കടത്തുകാർക്കും മികച്ച ബദൽ മാർഗമാണ് സീ-എയർ ഹബ്ബ് ഒരുക്കുന്നത്. ആഗോള തലത്തിലെ ലോജിസ്റ്റിക്സ് കമ്പനികൾക്ക് മാത്രമല്ല ലോകമെങ്ങുമുള്ള കയറ്റുമതിക്കാർക്കും ഇത് ഗുണകരമാണെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് പറഞ്ഞു. ബഹ്റൈന്റെ ലോജിസ്റ്റിക് മേഖലയുടെ കുതിപ്പിനും രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം കൂടുതൽ വിപുലപ്പെടുത്താനും പുതിയ ഹബ്ബ് വഴിയൊരുക്കും.