മനാമ: മിഡിൽ ഈസ്റ്റിലെ പ്രധാന ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 29-ാമത് പതിപ്പിന് തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ നിർവഹിച്ചു.
ബഹറിൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ 5 ദിവസങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ഇത്തവണ 30 രാജ്യങ്ങളിൽ നിന്നായി 532 പ്രദർശകർ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡഡ് ആഭരണങ്ങൾ, രത്നക്കല്ലുകൾ, ആഡംബര വാച്ചുകൾ, വിലകൂടിയ പേനകൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. ബഹ്റൈന്‍ പുറമേ, ഇതര ഗൾഫ് മേഖലയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകരെയും ലക്ഷ്യമിട്ടാണ് പ്രദർശനം. പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ www.jewelleryarabia.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ആഗോളതലത്തില്‍ കോവിഡ് മഹാമാരി നിയന്ത്രണവിധേയമായ സാഹചര്യത്തിലും ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്തിയതിനാലും പ്രദര്‍ശനത്തില്‍ കൂടുതല്‍ പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 16 മുതല്‍ 20 വരെയാണ് ജ്വല്ലറി അറേബ്യ നടക്കുന്നത്. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തില്‍ ആദ്യ നാലുദിനം ദിവസേന വൈകീട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മറ്റു പ്രദര്‍ശനങ്ങളെ അപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യതയേറി വരികയാണ്.