
മനാമ: വീട്ടുജോലിക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ബഹ്റൈൻ സർക്കാർ അറിയിച്ചു.
വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത്. റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും അറിയാൻ ഇത് പൊതുജനങ്ങളെ സഹായിക്കും.
വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് ഏജൻസികൾ ഈടാക്കുന്ന വലിയ തുകകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ശൂറ കൗൺസിലിന്റെ നിർദേശത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ചെലവ് കൂടുന്നതിന് കാരണം വ്യക്തമാക്കാൻ ഏജൻസികളോട് ആവശ്യപ്പെടാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എൽ.എം.ആർ.എ) നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. റിക്രൂട്ട്മെൻ്റ് ചെലവിൽ അന്യായമായ വർധന കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കും.
