
ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) മന്നത്ത് പത്മനാഭൻ ജയന്തി ആദരപൂർവം ആഘോഷിച്ചു. ജനുവരി 2 വെള്ളിയാഴ്ച കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന പരിപാടിയുടെ ഭാഗമായി, പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ജേതാവും കെ.എസ്.സി.എയുടെ മുൻ അധ്യക്ഷനുമായ ശ്രീ പമ്പാ വാസൻ നായരെ ആദരിച്ചു.

പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റുമായ ശ്രീ പി.വി. രാധാകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി. മന്നത്തിന്റെ ജീവിതവും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. പോർഷെ ബഹ്റൈൻ വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ് ശ്രീമതി ജയ മേനോനെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ കെ.എസ്.സി.എ 2025 അവാർഡ് ജേതാക്കളായ ശ്രീ സന്തോഷ് കൈലാസ്, ശ്രീമതി സുജ ജെ.പി. മേനോൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. മന്നത്തിന്റെ സേവനങ്ങൾ ഇന്നത്തെ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ അത്യന്തം പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ രജിത മനോജ്, ലിബ രാജേഷ് എന്നിവർ വേദി നിയന്ത്രിച്ചു.

കെ.എസ്.സി.എ അംഗങ്ങളായ മനുമോഹനനും രാജീവ് വെള്ളിക്കോത്തും തയ്യാറാക്കിയ അവതരണഗാനം സംവൃത് സതീഷും പ്രാർത്ഥന രാജും ചേർന്ന് ആലപിച്ചു. കെ.എസ്.സി.എ അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച സോപാന സംഗീതം പരിപാടിക്ക് കൂടുതൽ മിഴിവേകി.
ശ്രീ ആദർശ് മാധവൻ കുട്ടി കൺവീനറായ പരിപാടികളുടെ ഏകോപനം കെ.എസ്.സി.എ എക്സിക്യൂട്ടീവ് കമ്മറ്റി ഏറ്റെടുത്തു. രമ സന്തോഷിന്റെ നേതൃത്വത്തിലുള്ള വനിത വേദി അംഗങ്ങളും പരിപാടിയുടെ അമരത്ത് അണിനിരന്നിരുന്നു.


