മനാമ: ‘ദി ബഹ്റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് ഇന്ത്യൻ ക്ലബ് ആതിഥേയത്വം വഹിക്കുന്നു. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ബി.ഡബ്ള്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെയാണ് നവംബർ 14 മുതൽ 19 വരെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏകദേശം 26 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം അന്താരാഷ്ട്ര താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.
ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്നത്. ബഹ്റൈൻ കളിക്കാർക്ക് പുറമേ, ഓസ്ട്രേലിയ, ബൾഗേറിയ, കാനഡ, ചൈന, ഡച്ച്, ഫിൻലാൻഡ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ, നേപ്പാൾ, നൈജീരിയ, സ്പെയിൻ, സിറിയ, തായ്ലൻഡ്, ശ്രീലങ്ക, യുഎസ്എ, യുഎഇ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ചും കളിക്കാർ പങ്കെടുക്കുന്നു.
പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് & മിക്സഡ് ഡബിൾസ് എന്നിങ്ങനെ എല്ലാ പ്രധാന വിഭാഗങ്ങളും ടൂർണമെന്റിൽ അവതരിപ്പിക്കും. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 5,000 USD ആണ്.
ഇന്ത്യൻ ക്ലബ്ബിന്റെ രണ്ട് അന്താരാഷ്ട്ര നിലവാരമുള്ള കോർട്ടുകളിൽ എല്ലാ ദിവസവും രാവിലെ 9:00 മണിക്ക് മത്സരങ്ങൾ ആരംഭിക്കുകയും ദിവസവും രാത്രി 9 മണി വരെ അവസാനിക്കുകയും ചെയ്യും. 2023 നവംബർ 19 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫൈനൽസ് ഡേ നിശ്ചയിച്ചിരിക്കുന്നത്.
ബഹ്റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ആർ അനിൽകുമാറുമായി 39623936 എന്ന നമ്പറിലോ ബാഡ്മിന്റൺ സെക്രട്ടറി ടി അരുണാചലവുമായി 35007544- എന്ന നമ്പറിലോ ടൂർണമെന്റ് ഡയറക്ടർ സി.എം. ജൂനിത്തുമായി 66359777 എന്ന നമ്പറിലോ ബന്ധപ്പെടാം.