മനാമ: സഖീറിലെ പുതിയ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഈ വർഷം അവസാനം പ്രവർത്തനമാരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർമാനുമായ സായിദ് ബിൻ റാഷിദ് അൽ-സയാനിഅറിയിച്ചു. പ്രദർശനങ്ങൾ, ഇവന്റുകൾ, സംരംഭങ്ങൾ എന്നിവക്കായുള്ള മുൻനിര കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ പദവി ശക്തിപ്പെടുത്തുക, വിനോദ സഞ്ചാര രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെന്റർ സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശിക തലത്തിലും ആഗോള തലത്തിലും ഏറെ പ്രാധാന്യമുള്ളതാണ് പുതിയ സെന്ററെന്നും ഇത് ഈ മേഖലയിലെ ഏറ്റവും വലുതുമാണെന്നും മന്ത്രി പറഞ്ഞു.
ബിസിനസ് ടൂറിസത്തെ ആകർഷിക്കുന്നതിനുള്ള അസാധാരണമായ നേട്ടമാണിതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഇദി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ ടൂറിസം സ്ട്രാറ്റജി 2022-2026 ന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ഇത് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
60 മീറ്റിങ് ഹാളുകളിലായി 1,00,000 ചതുരശ്ര മീ. പ്രദർശന സ്ഥലമാണ് സഖീറിലെ പുതിയ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ & കൺവെൻഷൻ സെന്ററിലുള്ളത്. പ്രധാന ഹാളിന് 4,500 ചതുരശ്ര മീ. വലുപ്പമുണ്ട്. 4,000 സീറ്റുകളുള്ള ഓഡിറ്റോറിയം, 20 മീറ്റിങ് റൂമുകൾ, റോയൽ, വി.ഐ.പി ചേംബറുകൾ, 250 സീറ്റുകളുള്ള റെസ്റ്റോറന്റ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
