
മനാമ: ആകാശത്ത് ദൃശ്യ വിസ്മയം തീര്‍ത്ത് ആറാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ സമാപിച്ചു. ബഹ്റൈനിലെ ജനങ്ങളുടെ ഹൃദയവും മനസ്സും നിറച്ചുകൊണ്ടാണ് എയർഷോക്ക് സമാപനം കുറിച്ചത്. 160 ഓളം സിവിൽ സൈനികവിമാനങ്ങളാണ് വ്യോമാഭ്യാസ പ്രദർശനത്തിനെത്തിയത്. അന്താരാഷ്ട്ര അയറോബട്ടിക് ടീമുകളുടെ പ്രകടനങ്ങളും കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കി. ലോകമെമ്പാടുമുള്ള എയർലൈൻ കമ്പനികളും വിദഗ്ധരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും കരാറുകളിൽ ഒപ്പിടുകയും ചെയ്തു. സാഖിർ എയർ ബേസിൽ യുദ്ധവിമാനത്തിന്റെ സാധ്യതകൾ വിലയിരുത്താൻ വാങ്ങുന്നവർക്ക് അവസരമൊരുക്കി.

180-ലധികം കമ്പനികളുടെയും 30-ലധികം രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ നടന്നത്. പുതിയ വ്യോമയാന സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് എക്സിബിഷൻ ഹാൾ വൻ വിജയമായിരുന്നു. വൈവിധ്യമാർന്ന വ്യോമയാന, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധ വ്യവസായ സംഘടനകൾ എന്നിവയ്ക്കൊപ്പം ഇസ്രായേൽ ആസ്ഥാനമായുള്ള കമ്പനികൾ ആദ്യമായി എയർഷോയിൽ പങ്കെടുത്തു.

2010 മുതലാണ് ബഹ്റൈനിൽ അന്താരാഷ്ട്ര എയര്‍ഷോയ്ക്ക് തുടക്കം കുറിച്ചത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെയും റോയൽ ബഹ്റൈൻ എയർഫോഴ്സിന്റെയും ആഭിമുഖ്യത്തിലാണ് എയര്ഷോ നടന്നത്. മൂന്നു ദിവസവും ഷോ കാണാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
