മനാമ: സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് സംഘടനയായ സ്കൈട്രാക്സാണ് ബഹ്റൈൻ വിമാനത്താവളത്തിന് ഈ ബഹുമതി നൽകിയത്. കഴിഞ്ഞ നവംബറിലാണ് സ്കൈട്രാക്സ് ഓഡിറ്റ് ടീം വിമാനത്താവളത്തിലെ സേവന മികവുകൾ പരിശോധിച്ചത്. പുറപ്പെടൽ, എത്തിച്ചേരൽ, വഴിതിരിച്ചുവിട്ട ഫ്ലൈറ്റുകൾ, എയർപോർട്ട് സൗകര്യങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ, സുരക്ഷ, ഇമിഗ്രേഷൻ, റീട്ടെയിൽ, ഭക്ഷണ-പാനീയ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
ഒരു വിമാനത്താവളത്തിന് സ്കൈട്രാക്സ് നൽകുന്ന ഉയർന്ന ഗുണനിലവാര പദവിയാണ് പഞ്ചനക്ഷത്ര പദവി. മികച്ച യാത്രാനുഭവം നൽകാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പിന്തുടരുന്നതിന് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് തുടർച്ചയായ രണ്ടാം വർഷവും ലഭിച്ച അംഗീകാരമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മികച്ച പ്രഫഷനലിസം പുലർത്തുന്ന മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.