മനാമ: ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ (ബിഐഎ) എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി) അറിയിച്ചു. പ്രതിവർഷം 20 ദിവസങ്ങളിലായി രണ്ടുതവണയാണ് അറ്റകുറ്റപ്പണി നടത്തപ്പെടുന്നത്. വിമാനങ്ങളുടെ വരവും പോക്കും സുഗമവും സുരക്ഷിതവുമാക്കുന്നതിന് റൺവേയിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ 3:50 മുതൽ 6.30വരെ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കും.
പതിവ് എയർഫീൽഡ് അറ്റകുറ്റപ്പണികൾ വിമാനത്താവള സുരക്ഷയ്ക്ക് നിർണായകമാണെന്ന് ബിഎസി ചീഫ് ഡെവലപ്മെന്റ് ആൻഡ് ടെക്നിക്കൽ ഓഫീസർ അബ്ദുല്ല ജനാഹി പറഞ്ഞു. റൺവേകൾ, ടാക്സിവേകൾ, സ്ട്രിപ്പ് ഏരിയകൾ എന്നിവ സാധാരണ പ്രവർത്തനങ്ങളിൽ വലിയ തോതിൽ തേയ്മാനം അനുഭവപ്പെടുന്നു. വ്യോമഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ഇവിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് എയർപോർട്ടിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിൽ ഏവിയേഷൻ റെഗുലേഷൻസ് (CAR001), ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) Annex-14, എയർപോർട്ട് സർവീസ് മാനുവൽ, എയറോഡ്രോം മാനുവൽ, മറ്റ് ICAO മാനദണ്ഡങ്ങൾ, ശുപാർശ ചെയ്യുന്ന രീതികൾ എന്നിവയ്ക്ക് അനുസൃതമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.