മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികൾ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സെപ്തംബർ 11ന് ഓണപുടവ മത്സരത്തോടെയാണ് ആഘോഷചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്.
സെപ്തംബർ 12ന് പായസമത്സരം, ബഹ്റൈനിൽ നിന്നുള്ള നർത്തകർ പങ്കെടുക്കുന്ന നാട്യോത്സവം 2023, നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും. സെപ്തംബർ 14ന് ഓണ ചന്ത, തിരുവാതിര മത്സരം ആരംവം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവയാണ് മുഖ്യ ആകർഷണം. സെപ്തംബർ 15ന് രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, ഓണ ചന്ത, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നടക്കുന്ന കമ്പവലി മത്സരം, ഘോഷയാത്ര, പ്രശസ്ത ഗായകരായ അരുൺ ഗോപൻ, റോഷൻ, കിർത്തിക എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.
സെപ്തംബർ 29ന് 2500 ഓളം പേർക്കായി ഓണസദ്യയും ഇന്ത്യൻ ക്ലബ്ബിൽ ഒരുക്കും. നാട്ടിൽ നിന്നുള്ള പാചക വിദഗ്ധരാണ് ഇതിനായി ഇവിടെ എത്തുന്നത്. ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ്ബ് അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതിമാരും ഇതിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികളെ കൂടാതെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി നൂറ് പേരെയും ഓണസദ്യയിൽ പങ്കെടുപ്പിക്കും. ഇവർക്ക് ഓണകോടിയും സമ്മാനമായി നൽകുമെന്ന് വാർത്തസമ്മേളത്തിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കെഎം ചെറിയാൻ അറിയിച്ചു. പരിപാടികളെ കുറിച്ച് കൂടുതൽ അറിയാനും മത്സരങ്ങളിൽ പങ്കെടുക്കാനുമായി 33470200 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടതെന്ന് സെക്രട്ടറി സതീഷ് ഗോപിനാഥ് പറഞ്ഞു.