മനാമ: ബഹ്റൈനിൽ വേനല്‍ച്ചൂട് പ്രമാണിച്ച് തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ വരും. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്ക്കുമാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യാതപം നേരിടുന്ന ഏതു ജോലിചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.
സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചയ്ക്ക് 12 മണി മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. തൊഴിൽ സംബന്ധമായ അസുഖങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ താൽപ്പര്യത്തിൻമേലാണ് ഈ തീരുമാനം വരുന്നത്. പ്രത്യേകിച്ചും സൂര്യാതപത്തിൽ നിന്നും വേനൽക്കാല രോഗങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് ഇത്തരമൊരു നടപടി മന്ത്രാലയം കൈക്കൊള്ളുന്നത്.
ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം. നിയമലംഘനം കണ്ടെത്താൻ കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാര്‍വരെ പിഴചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം സൂചിപ്പിച്ചു. മുൻ വർഷങ്ങളിൽ 99.87 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചിരുന്നു.