മനാമ: സഖീറിലെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് എക്സിബിഷൻ വേൾഡ് ബഹ്റൈൻ ഉദ്ഘാടനം ചെയ്തത്.
സഖീറിന്റെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സമുച്ചയത്തിന് 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. 4,000 പേർക്ക് ഇരിക്കാവുന്ന ഒരു വലിയ ഹാളും കൂടാതെ മറ്റ് 10 എക്സിബിഷൻ ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 95 മീറ്റിംഗ് റൂമുകൾ, 20 ട്രാൻസ്ലേഷൻ ബൂത്തുകൾ, കൂടാതെ 25 റെസ്റ്റോറന്റുകൾ, കഫേകൾ, റീട്ടെയിൽ യൂണിറ്റുകൾ എന്നിവയും ഇവിടെയുണ്ട്.
വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൽമാൻ രാജകുമാരൻ എടുത്തുപറഞ്ഞു. ഈ മേഖലയുടെ വളർച്ച രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ ഒരു പ്രധാന ചാലകമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള പരിപാടികൾക്കും സമ്മേളനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിനുള്ള ആകർഷകമായ സ്ഥലമായി ബഹ്റൈനെ സ്ഥാനപ്പെടുത്തുന്നതിന് ഈ സമുച്ചയം സഹായകമാകുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു.
അറേബ്യൻ കലയും സംസ്കാരവും വിളിച്ചോതുന്ന തരത്തിലാണ് സമുച്ചയത്തിന്റെ രൂപകൽപ്പന. രാജ്യത്തെ ഇവന്റുകൾക്കും കായിക വിനോദങ്ങൾക്കുമായുള്ള ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, അൽ ദന ആംഫി തിയേറ്റർ എന്നിവയോട് ചേർന്നാണ് എക്സിബിഷൻ വേൾഡ് ബഹ്റൈനും സ്ഥാപിച്ചിട്ടുള്ളത്.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട്, പ്രധാന ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലും ഉടൻ വികസിക്കാൻ പോകുന്ന ബഹ്റൈൻ ഇന്റർനാഷണൽ സ്പോർട്സ് സിറ്റിയുടെ സമീപവുമായിരിക്കും പുതിയ കേന്ദ്രം. പുതിയ അത്യാധുനിക കൺവെൻഷൻ സെന്റർ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
കൂടുതൽ ചിത്രങ്ങൾ കാണാം…
കൂടുതൽ ചിത്രങ്ങൾ കാണാം…