
മനാമ: ബഹ്റൈൻ പ്രവാസികൾക്കായി പുതിയ വർക്ക് പെർമിറ്റ് കാർഡ് അവതരിപ്പിച്ചു. നിയമലംഘനങ്ങൾക്ക് യാതൊരുവിധ നടപടികളും നേരിടാത്ത, സാധുവായ റെസിഡൻസിയുള്ള യോഗ്യതയുള്ള തൊഴിലാളികൾക്ക്, രാജ്യത്തുടനീളം ഉടൻ ആരംഭിക്കുന്ന തൊഴിലാളി രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ കാർഡിന് അപേക്ഷിക്കാം. ഒരു വ്യക്തിയുടെ തൊഴിൽ വൈദഗ്ധ്യവും മറ്റ് വ്യക്തിഗത വിശദാംശങ്ങളും കാർഡിൽ പ്രദർശിപ്പിക്കും. തൊഴിലാളിയുടെ ഫോട്ടോ, തൊഴിൽ, പേര്, സി.പി.ആർ നമ്പർ എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും. രജിസ്ട്രേഷനും മറ്റ് നടപടികളും ഉടൻതന്നെ ആരംഭിക്കും. കാർഡിന് ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും. അതിൽ തൊഴിലാളിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രാവീണ്യമുള്ള ജോലിയുടെ തരവും ഉൾക്കൊള്ളുന്നു.
പ്രവാസി തൊഴിലാളി രജിസ്ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (ബിസിസിഐ) സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈസ കൾച്ചറൽ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനാണ് നടപടി പ്രഖ്യാപിച്ചത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് നൗഫ് ജംഷീർ, ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് എന്നിവരും പങ്കെടുത്തു.
രാജ്യത്തെ യോഗ്യരായ തൊഴിലാളികളുടെ ഡാറ്റാബേസ് സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്ന് ഹുമൈദാൻ പറഞ്ഞു. “എല്ലാ കക്ഷികളുടെയും അവകാശങ്ങൾ കണക്കിലെടുത്ത് ജീവനക്കാർക്കും തൊഴിലുടമകൾക്കും ന്യായമായ അന്തരീക്ഷം നൽകുന്നത് തുടരുകയാണ് ഇത് ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു.
ഫ്ലെക്സി പെർമിറ്റ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് പുതിയ വർക്ക് പെർമിറ്റ് കാർഡ്. എല്ലാ തൊഴിലുകളും നിശ്ചിത മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉടൻതന്നെ പുറത്തുവിടും. മികച്ച നിലവാരുമുള്ള തൊഴിലാളികളാണ് രാജ്യത്തേക്ക് വരുന്നതെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വർക്ക് പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും പ്രവർത്തനപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഈ നീക്കം തൊഴിൽ വിപണിക്ക് ഗുണം ചെയ്യുമെന്നും ഹുമൈദാൻ പറഞ്ഞു. ബഹ്റൈൻ ചേംബറിന്റെ സഹകരണത്തോടെയുള്ള ഈ സംരംഭം തൊഴിൽ വിപണിയെ കാര്യക്ഷമമാക്കുമെന്ന് എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽ റഹ്മാൻ ജംഷീർ വ്യക്തമാക്കി. നിയമലംഘകരെയും തൊഴിൽ പെർമിറ്റുകളുടെ കച്ചവടവും കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ നടപടികളും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലെക്സി വിസ നിർത്തലാക്കണമെന്ന് ദീർഘനാളായി വ്യവസായ സമൂഹം ആവശ്യപ്പെടുന്നതാണെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് പറഞ്ഞു. സ്വദേശികൾക്കും പ്രവാസികൾക്കും തുല്യവസരമൊരുക്കുന്നതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസിറ്റ് വിസയിൽ തൊഴിൽ തേടി രാജ്യത്തെത്തുന്നവർ ജോലി ലഭിച്ചാൽ രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിബന്ധന ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ബഹ്റൈനിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് പെർമിറ്റിന് അപേക്ഷിക്കാം. പരസ്പര സമ്മതമുള്ള കരാറുകളെ ആശ്രയിച്ച് ഒന്നോ അതിലധികമോ തൊഴിലുടമകളുമായി നിർദ്ദിഷ്ട ജോലി ഏറ്റെടുക്കാം.
യോഗ്യരായ തൊഴിലാളികൾ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ്, ആരോഗ്യ ഇൻഷുറൻസ്, പുറപ്പെടൽ ചെലവുകൾ എന്നിവ കൂടാതെ പ്രതിമാസ ഫീസും രജിസ്ട്രേഷൻ ചെലവും നൽകണം. തുക പിന്നീട് വെളിപ്പെടുത്തും.
